
കൊച്ചി: മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ നിയമ ലംഘനങ്ങൾക്കും പോലീസിനെ ഉപയോഗിച്ച് വിശ്വാസികളെ വേട്ടയാടുന്നതിനുമെതിരെ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ഇന്നലെ വിശ്വാസികൾ അതിരൂപത ആസ്ഥാനം ഉപരോധിച്ചു.
രാവിലെ 10 മണിയോടെ സ്ത്രീകൾ അടങ്ങുന്ന നൂറോളം പേർ അരമനയ്ക്കുള്ളിൽ പ്രവേശിച്ചു ഉപരോധ സമരം നടത്തുകയായിരുന്നു. ഏകീകൃത കുർബാന സംബന്ധിച്ച വിഷയത്തിൽ കണ്ണൂരിൽ പത്ര സമ്മേളനം നടത്തിയവരെ കള്ളക്കേസിൽ കുടുക്കി തലശ്ശേരി പോലീസിനെക്കൊണ്ട് അനധികൃതമായി അറസ്റ്റ് ചെയ്യിക്കുക, തീവ്രവാദി സംഘടനകളുമായി ബന്ധം ആരോപിക്കപ്പെടുന്നതും നിരന്തരം സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും അവയ്ക്ക് നേതൃത്വം നൽകുന്നതുമായ വ്യക്തികളെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും അംഗങ്ങളുമായി നിയമിക്കുക, പ്രൊക്യുറേറ്റർ ഫാ. തോമസ് വൈക്കത്ത് പറമ്പൻ അതിരൂപതയുടെ ചെലവിൽ നിരന്തരം നടത്തുന്ന വിദേശയാത്രകളെക്കുറിച്ച് അന്വേഷണം നടത്തുക എന്നീ കാര്യങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സംഘടനാ ഭാരവാഹികൾ അതിരൂപത കൂരിയക്കു നൽകി. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ ചാൻസിലർ ഫാ. ആന്റണി വഴക്കാലയുടെ നേതൃത്വത്തിൽ ഫാ. ജോസ് പുതിയേടത്ത്, ഫാ. ആൻ്റോ ചേരാംതുരുത്തി എന്നിവരുമായി വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റ് ഭാരവാഹികളായ ജോസഫ് പി. എബ്രഹാം, ടെൻസൻ പുളിക്കൽ, വൈശാഖ് ഉദയംപേരൂർ എന്നിവർ ചർച്ച നടത്തി. തുടർ ചർച്ചകൾ അടുത്ത ശനിയാഴ്ച ആരംഭിക്കാമെന്ന ധാരണയിൽ ഉച്ചയോടെ ഉപരോധ സമരം അവസാനിപ്പിച്ചു.
Photo Courtesy - Google








